Saturday, 5 March 2022

നാരായണീയം

This poem, ‘Narayaneeyam’, is an ode to Melpathur Narayana Bhattathiri, the author of the original Sanskrit hymn, ‘Narayaneeyam’, which weaves verses praising Lord Vishnu in all His incarnations. The poet explores the layers of experiences of Melpathur as the latter sees the Lord in all His forms while he creates verbal pictures of the spectacle, and the Lord’s actions in each one of his manifestations have a direct impact on Melpathur’s life.

Melpathur feels his bondages to this material world falling away when Li’l Krishna loosens the uri (rope hanger) to steal yogurt. When the Lord, in the form of Narasimha, kills Hiranyakashipu, Melpathur knows that it’s in fact his own ego that’s destroyed. It is Melpathur who, as Prahlad, calms down the anger of the Lion-Man avatar, and it’s also him, as Arjuna, who surrenders in front of the ultimate reality expounded by the Lord himself. As Mother Yashoda, he sees the entire universe in her Son’s little mouth. And it’s Melpathur who dances unabashedly as Radha and the gopikas in utter fulfilment of their love for the Lord. When the Lord wears the thousand heads of the Kaliya, as anklets, around his dancing feet, Melpathur finds his own serpentine passions entangled with them.

Listen to RamprasadMenon’s prayerful rendition of the poem.

നാരായണീയം 


ആയിരം ശ്ലോകപുഷ്പങ്ങളാൽ ശ്രീഗുരു-

വായുപുരേശനെയാരാധിക്കേ,

വാതാർത്തി തീർന്ന നീ ഘോരമാം സംസാര-

രോഗത്തിനൗഷധം ഞങ്ങൾക്കേകി.


ഓരോ ദശകത്തിനന്ത്യത്തിൽ തന്നുറി-

യ്‌ക്കോരോ ചരടറ്റു വീണിടുമ്പോൾ,

മിഥ്യയാം ഭൗതികബന്ധച്ചരടുകൾ 

കെട്ടഴിഞ്ഞീടുകയായിരുന്നു.


പീലിക്കാർകൂന്തലിൽ ചേറണിഞ്ഞെത്തുമ-

ഗ്ഗോപാലബാലനെക്കണ്ടു കണ്ണിൽ,

ഈരേഴുലോകത്തെയും മയക്കീടുന്നൊ-

രാ വേണുഗാനം ശ്രവിച്ചു കാതിൽ.


അഞ്ചിന്ദ്രിയങ്ങൾ മനസ്സുമൊത്തന്നു നീ 

അമ്പാടിപ്പൈതലിലർപ്പിച്ചപ്പോൾ 

ഇക്കാണും നാനാചരാചരമൊത്തു നീ-

ന്നസ്തിത്വം പോലും മറന്നിരുന്നു.


അക്ഷരലക്ഷത്തിൽ വർണ്ണനാതീതമാം 

സച്ചിദാനന്ദം നുകർന്നിരുന്നു.


സ്തംഭം തകർന്നു നരസിംഹമൂർത്തിയായ് 

മുമ്പിൽ ഭഗവാനണഞ്ഞനേരം  

നിന്നഹങ്കാരം ഹിരണ്യകശിപുവായ് 

നെഞ്ചുപിളർന്നു മരിച്ചുവീണു.


ഭക്തനാം പ്രഹ്ളാദനായി സ്തുതിച്ചതും 

ഭട്ടതിരിതന്നെയായിരുന്നു.


കാളിയമർദനമാടുമക്കണ്ണൻ്റെ 

കാലിൽ ഭുജംഗഫണങ്ങളല്ല,

ഉത്തമ, നിൻ കാമക്രോധലോഭങ്ങളും 

മിഥ്യാഭ്രമങ്ങളുമായിരുന്നു!


അമ്മ യശോദയായ് ബ്രഹ്മാണ്ഡമണ്ഡലം 

കണ്ടു നീ ചോരിവായ്ക്കുള്ളിലായി.


വാർമയിൽപ്പീലി ചെരിഞ്ഞു,മരയിലെ 

പീതാംബരക്കെട്ടു തെല്ലഴിഞ്ഞും 

അംബുജനേത്രങ്ങൾ സ്വപ്നവിലാസമാർ-

നാമ്പിൽ കപോലം വിയർപ്പണിഞ്ഞും,

രാസവിലാസങ്ങളാടിയ കണ്ണനു 

രാധയും, രാഗാർദ്രഗോപികയും 

ഭക്തിതന്നാനന്ദമൂർഛയിലൊക്കയും 

വിസ്മരിച്ചാടിയുമാലപിച്ചും 

മാസ്മരമായൊരു മായാനികുഞ്ജത്തിൽ 

നൃത്തമാടും ഭവാനായിരുന്നു.


അക്രൂരനായതുമുദ്ധവനായതും 

അർജ്ജുനനായുതുമങ്ങുതന്നെ.


മണ്ണിൻ മകളായി രാമനെപ്പൂജിച്ചു 

പർണ്ണാശ്രമങ്ങളിൽ സഞ്ചരിച്ചു.

മാരുതിയായ് സ്വയം നെഞ്ചിൽ പ്രതിഷ്ഠിച്ചു,

വാല്മീകിയായ് കാവ്യമാലപിച്ചു.


ചക്രവും ശംഖും ഗദാപങ്കജങ്ങളും 

തൃക്കൈകൾ നാലിൽ പരിലസിച്ചും 

ശ്രീവത്സസുന്ദരവക്ഷസ്സിൽ താർമാതും 

ശ്രീനിടിലത്തിൻ കളഭവുമായ്,

മഞ്ഞപ്പട്ടാട, വനമാല, കൗസ്തുഭം 

പൊന്നരഞ്ഞാണം തളവളകൾ 

പീലിത്തിരുമുടി ചാർത്തിയച്ചെഞ്ചുണ്ടിൽ 

ഓടക്കുഴൽ ചേർത്തമൃതോഴുക്കി,

നീലക്കാർവർണ്ണൻ്റെ പൊൽത്തിരുമേനിയ-

'ശ്രീലക'ത്തന്നു നീ കണ്ടുവല്ലോ.


നൽശ്ലോകപുഷ്പസഹസ്രമക്കണ്ണൻ്റെ

തൃപ്പാദതാരിൽ നീയർപ്പിച്ചപ്പോൾ,

കൈരളീമാതുമന്നാനന്ദമഗ്നയായ്‌

കോരിത്തരിച്ചതു കേട്ടു നിന്നു.


ഭക്തിതൻ നിർവൃതിയാർന്നിപ്രപഞ്ചത്തിൻ 

കെട്ടുകളോരോന്നഴിഞ്ഞിടുമ്പോൾ,

'നാരായണീയനാ'മങ്ങേയ്ക്കിക്കാവ്യോപ-

ഹാരമർപ്പിച്ചു നമിച്ചിടുന്നേൻ 

ഭക്തിതൻ മുക്തിതൻ ഗായക, നിൻ ഗാന-

സ്വർഗ്ഗസാമ്രാജ്യത്തിലൊട്ടുനേരം 

സഞ്ചരിക്കുമ്പോളുടലായ് മനസ്സായൊ-

രെൻ്റെ ദു:ഖങ്ങളകന്നിടാവൂ!     


© 1990 KTK

സ്‌മൃതിപുരസ്കാരം 2024

It is two years since the poet left this world. However, his presence has been with us in spirit and through his poetry.  It is a matter of ...