Tuesday 30 November 2021

താമരമകൾ

This poem, Thamaramakal, is a tribute to the lotus flower, which in spite of being born in murky waters, amidst dirty weeds, rises up from extreme stench and grows up to spread fragrance and shed radiance all around her. While the little bee draws honey, the sun derives its soul spirit from her.

The poem has another layer of meaning which reaches out to the reader. We live in such times when the older generation is struggling to come to terms up with the newer generation, all the while slipping and falling back into ruminations of its own past glory. The poem presents a new take where the poet appreciates the beauty and perseverance of the new generation in spite of its growing up in the most adverse and unfavourable circumstances.

Please listen to a moving and mesmerising rendition by Sreedevi Unni.


താമരമകൾ

അച്ഛനമ്മമാർതൻ കണ്ണീർ-

     ക്കയമാമച്ചളിക്കുണ്ടിൽ

പെറ്റു നീയെൻ കൊച്ചു ചെന്താ-

     മരമലരേ!


ചേറിൽനിന്നുമുയർന്നു നീ 

     കീറിപ്പാറിപ്പരന്നൊരു 

പായലിൽ തൻ തല ചാച്ചു 

    വളർന്നിടുമ്പോൾ.


മുഗ്ധമന്ദഹാസങ്ങളാ-

    ലർക്കനഭിവാദ്യമേകി,

തെക്കൻകാറ്റു താരാട്ടുമ്പോൾ 

    ചാഞ്ചാടിയാടി.


ചിറ്റോളങ്ങളിളകുന്നു 

     സരസ്സിതിൽ - സുഖങ്ങളായ്,

ദു:ഖങ്ങളായ്, ആശകളായ്,

     നൈരാശ്യങ്ങളായ്.


ജയപരാജയങ്ങളായ് - 

     അടിയിലെച്ചേറിൽനിന്നു 

വമിക്കുന്നു കഠിനമാം 

     ദുർഗ്ഗന്ധപൂരം.


എങ്കിലും നീ ചിരിക്കുന്നു;

     ചിറകടിച്ചണയുമ-

ച്ചഞ്ചരീകത്തിനു പൂന്തേൻ 

     വിളമ്പീടുന്നു.


പിച്ചവയ്ക്കും മന്ദാനില-

     ന്നസുലഭസൗരഭ്യവും 

അർക്കനാത്മതേജസ്സും നീ 

     പകർന്നിടുന്നു .


ചളിക്കുണ്ടിൽ പിറന്നതിൽ 

     വളർന്ന നീ നാളെയതി-

ലവസാനസൗരഭ്യവു-

    മർപ്പിക്കുമല്ലോ!


കൂരിരുളിൻ പുഞ്ചിരിയായ് 

    നീലവാനിലമ്പിളിയായ്,

ശ്രീകോവിലിൽ ശ്രീദേവിയായ്,

    രാവിൽ നിലാവായ് 

ചെന്താമരമകളായി-

     ന്നെൻ കരളിൽകുളിരേകും 

പൊന്നോമനമലരിനെ-

     ന്നഭിവാദ്യങ്ങൾ.     

© 1984 KTK


Sunday 21 November 2021

പുഴ

The river flows between the shores. It often overflows. And, always, spins and sprays. At times, it crashes on the banks. At times, it rages on its way, tirelessly, to merge with the near yet faraway sea. It crosses all terrains, sometimes turning its waters turbid, sometimes limpid. Shrinking in summer, speeding in the rains, freezing in winter, the river flows on between the shores, bursting into a merry song off and on.

The poet’s relationship with the river is deep. He was brought up in a village where his courtyard was surrounded on three sides by a river. The river was his constant companion as he walked along its side and ferried across it to school. Indeed, he has a soul connection with the river. He and the river have remained soul mates through floods and shallows. And the journey of the river is no different from the journey of his life.

 Here's a rendition of the poem that gushes, rushes, and ripples like a river, by Smitha Keeran Warrier.


പുഴ


പുഴയൊഴുകുന്നിതിരുകരകളും 

     വഴിയുമാറിതാ കുതിച്ചൊഴുകുന്നു.


നുരപ്പൂക്കൾ ചിന്നിച്ചുഴിമലരികൾ 

     ചുഴറ്റിയുമൊട്ടു മണൽപ്പുറം കാട്ടി 


പുഴയൊഴുകുന്നിതവിശ്രമമിരു

     കരകളിൽ തട്ടിത്തിമിർത്തു പായുന്നു.


അകലത്തായെന്നാലടുത്തുമായ് കാണാ-

     ക്കടലിൻ പൂർണത; യതിൽ വിലയിക്കാൻ 


മലകൾ താണ്ടിയും വയൽകൾ പിന്നിട്ടും 

     കലങ്ങിയുമൊട്ടുതെളിഞ്ഞുമങ്ങനെ 


നിദാഘത്തിലേറെ മെലിഞ്ഞു വർഷത്തിൽ 

     മദിച്ചു, ശൈത്യത്തിൽ  മരവിച്ചങ്ങനെ 


പുഴയൊഴുകുന്നിതിരുകരകൾക്കു-

     മിടയിലായ്; പാടിപ്പുളച്ചൊഴുകുന്നു!


ഇതാണെൻ്റെ പുഴ; ഇതെൻ്റെ ജീവിതം.


© 1990 KTK


Thursday 11 November 2021

എഞ്ചിനിയർ

It was that moment when the engineer in the young man was confronted by the poet in him. The poet, as part of his post graduate degree course, had to visit several hydro-electric projects, which brought him to the scenic location of Neriamangalam. As a student of engineering, he was taught that science and development, especially construction of dams for the purpose of power production, was part of progress and entirely for the good of the people. However, while the engineer’s mind was brilliant enough to get down to the nitty-gritty of the project, the poet’s heart was too sensitive not to notice the perennial damage caused by the power-generating dams to the environment.

The river that came dancing and prancing down the hills like a cheerful country girl was stopped on her way and tied down forever to fulfil the greed of the human society. Man drained the last drop of life in her, yet her undying spirit continues to burn and light up every home. And the poet finds himself as helpless as a machine that cannot ‘switch’ itself off as remorse strums on the chords of his heart an elegy.

Here’s an intensely moving rendition of the poem by Ramprasad Menon.


എഞ്ചിനിയർ 


അംബുധി  കരം നീട്ടി 

     വിളിക്കെഗ്ഗിരിയുടെ -

യങ്കസീമയിൽനിന്നു-

     മിറങ്ങിപ്പൂർണാമോദം,

പൊൻചിലങ്കകളുടെ 

     ശിഞ്ജിതം ചിന്തി,പ്പൂന്തേൻ 

പുഞ്ചിരിതൂകിപ്പാടി-

     യാടിനീയണയുമ്പോൾ,

നിന്നെയിക്കോൺക്രീറ്റിൻ്റെ 

     തുറുങ്കിൽ ബന്ധിക്കുവാ-

നെന്മനം നോവുന്നല്ലോ 

     മാപ്പു നൽകുക ബാലേ!

ഭംഗിയിൽ വനപുഷ്പ-

     മാല്യങ്ങൾ കോർത്തും, ധ്യാന-

ഗംഭീരൻ കുന്നിൻ മെയ്യിൽ 

     പുളകം തുന്നിച്ചേർത്തും,

പച്ച നീരാളം ചാർത്തി 

     നിൽക്കുമാ വനകന്യ-

ക്കുദ്രസമൊരുവെള്ളി 

     മേഖല സമ്മാനിച്ചും,

ഇന്നലെവരെയൊരു 

     കുസൃതിക്കുടുക്കയായ് 

സമ്മോദാൽ പൊട്ടിച്ചിരി-

     ച്ചോടിയെത്തിയ നിന്നെ,

അത്യഗാധമാം കണ്ണീർ-

     ക്കയമായ് ജീവസ്സറ്റു 

നിശ്ചലം കാൺകെശ്ശോക-

     ഗാനങ്ങൾ വിടരുന്നു;

യന്ത്രങ്ങൾക്കിടയിലൊ-

     ന്നമർത്താൻ 'സ്വിച്ചി'ല്ലാത്ത 

യന്ത്രമായ് ജീവിക്കുമെ-

     ന്നാത്മതന്ത്രിയിൽപോലും!

കൽത്തുറുങ്കിതിൽനിന്നു 

     രക്ഷതേടീടും നിൻ്റെ 

ശക്തിതന്നവസാന-

     ബിന്ദുക്കൾപോലും ഞങ്ങൾ,

ചോർത്തെടുക്കുന്നു നിത്യം 

     സ്വാർത്ഥത്തിൽ പൽച്ചക്രങ്ങ-

ളോടുവാൻ, ലോഭത്തിൻ്റെ  

     പാടങ്ങൾ നനയ്ക്കുവാൻ.

എങ്കിലും കെടാത്ത നി-

     ന്നാത്മചൈതന്യം നാളെ-

യെങ്ങെങ്ങും വാടാവിള-

    ക്കുകളായ് പ്രകാശിക്കേ,

ഓർത്തിടാം മർത്ത്യൻ കെട്ടി-

     നിർത്തിയാലൊടുങ്ങാത്തൊ-

രാത്മവീര്യത്തെ, ശ്ശശ്വ-

     ജ്ജീവിതമാഹാത്മ്യത്തെ!


© 1959 KTK


സ്മൃതിപുരസ്കാരം

  Today, December 3, is the first death anniversary of the poet. Shraddham, as per the Malayalam calendar, fell on November 24. After the Sh...