Solitude is a state of being. A state in which one is deeply aware of one’s aloneness in this world. And one’s happy in it too. What’s more, one mentally creates an entire world of one’s own in this state. Here’s the poet writing about his solitude, his childhood, his poetry and his muse.
എൻ്റെ കുട്ടിക്കാലം
കവിതയോടുള്ള എൻ്റെ താൽപര്യത്തിൻ്റെ ഉറവിടം തേടിച്ചെന്നാൽ എത്തുന്നത് കുട്ടിക്കാലത്ത് അനുഭവിച്ച തീവ്രമായ ഏകാന്തതയിൽ തന്നെയാണ്. തെങ്ങും, കവുങ്ങും, മാവും, പ്ലാവും, ചെറുതും വലുതുമായ മറ്റു വൃക്ഷലതാദികളും ഇടതൂർന്ന് അഞ്ചാറു ഏക്കറോളം പരന്നുകിടക്കുന്ന സസ്യസമൃദ്ധമായ പറമ്പിൻ്റെ നടുവിലുള്ള വലിയൊരു വീട്ടിലാണ് ഞാൻ വളർന്നത് (ഈ വീടിനെക്കുറിച്ച് 'The Mansion' എന്ന ശീർഷകത്തിൽ ഹൃദ്യമായ ഒരു ഇംഗ്ളീഷ് കവിത എൻ്റെ മകൾ സുജാത പിൽക്കാലത്ത് രചിച്ചിട്ടുണ്ട്.)
ആ വലിയ വീട്ടിൽ സ്ഥിരതാമസക്കാർ എൻ്റെ അമ്മയും ചെറിയേടത്തിയും ഞാനും മാത്രമായിരുന്നു. സ്വന്തം ഇല്ലത്തുള്ള ആപ്പീസിൽ ബേങ്ക് വ്യാപാരം നടത്തിയിരുന്ന അച്ഛൻ ആഴ്ചയിൽ രണ്ടു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂത്ത ചേച്ചി വിവാഹം കഴിഞ്ഞു ഭ൪ത്തൃഗൃഹത്തിലായിരുന്നു. ഏട്ടൻ പഠിപ്പും മറ്റും കഴിഞ്ഞ് ഇടക്കൊക്കെ വരും. ഇതായിരുന്നു കുട്ടിക്കാലത്ത് ഞാൻ വളർന്ന അന്തരീക്ഷം. പുറത്തുപോയി മറ്റുള്ളവരോട് ഇടപഴകുന്നതിനോ, കുട്ടികളോടൊത്ത് കളിക്കുന്നതിനോ ഉള്ള അനുവാദം എനിക്കുണ്ടായിരുന്നില്ല.
ഈ ലോകത്ത് എൻ്റെ കളിക്കൂട്ടുകാർ കാലത്ത് വിടർന്നു വൈകുന്നേരം വാടിപ്പോകുന്ന പലതരം പൂക്കളും, പൂക്കളിലെ തേൻകുടിച്ചു പാറിപ്പറന്ന് നടക്കുന്ന ചിത്രശലഭങ്ങളും, മഞ്ഞക്കിളികളും, തുമ്പികളും, കാറ്റിൽപാറിനടക്കുന്ന അപ്പൂപ്പൻതാടികളും, പുതുമഴയ്‌ക്ക് എങ്ങുനിന്നോ പൊങ്ങിവരുന്ന ഇയ്യാംപാറ്റകളും മറ്റും ആയിരുന്നു. അവരുമായി ഞാൻ ഒരു ചങ്ങാത്തം സ്ഥാപിച്ചു. മുറ്റത്ത് ചിക്കിയ നെല്ലിന് കാവലിരിക്കുന്ന എന്നെ അവഗണിച്ചു നെന്മണികൾ കൊത്തിത്തിന്നാനെത്തുന്ന കറുത്ത അതിഥികളേയും മറ്റു പറവകളേയും അടയ്ക്കാപ്പക്ഷികളെയും ഞാനിഷ്ടപ്പെട്ടു. മാവിൻകൊമ്പിൽ വന്നിരുന്ന് ആൺകൂമൻ ഒരു പ്രാവശ്യം മൂളിയാൽ രണ്ടു മൂളക്കം കൊണ്ട് മറുപടി പറയുന്ന പെണ്കൂമനേയും എനിക്ക് പ്രിയമായി. തൊടിയിൽ നടക്കുമ്പോൾ അറിയാതെയെങ്ങാനും ഒന്ന് തൊട്ടുപോയാൽ കണ്ണുചിമ്മി നാണം നടിച്ചു തല കുനിച്ചുനിൽക്കുന്ന തൊട്ടാവാടികളെ ഞാൻ കൈവിരലുകൾകൊണ്ടു തടവി നാണിപ്പിച്ചു.
എൻ്റെ വീടിൻ്റെ ചുറ്റും ഒഴുകുന്ന ചെറുപുഴയുടെ ഓരത്ത് നിറഞ്ഞുനിൽക്കുന്ന ഓടക്കാടുകളും പടിഞ്ഞാറുവശത്ത് മുണ്ടിത്തോടിൻ്റെ കരയിൽ കാറ്റടിക്കുമ്പോൾ തലയാട്ടി മൂളിപ്പാട്ടു പാടുന്ന മുളങ്കാടുകളും ജീവിതത്തിൻ്റെ ഭാഗങ്ങളായി. പുഴയിലെ ഓളങ്ങളും കൊച്ചുമീനുകളും വെള്ളാരങ്കല്ലുകളും കല്ലെടുത്തെറിഞ്ഞാൽ ഉയർന്നുയർന്നുവരുന്ന കൊച്ചുകൊച്ചുതിരമാലകളും എൻ്റെ കൂട്ടുകാരായി. കൂട്ടം കൂട്ടമായി വന്ന് തെങ്ങുകളിൽ കയറി ഇളനീർ കുടിക്കുന്ന കുരങ്ങന്മാരെ എല്ലാവരും പേടിക്കുകയും വെറുക്കുകയും ചെയ്തുവെങ്കിലും എനിക്കവരെ ഇഷ്ടമായിരുന്നു. മാറിമാറിവരുന്ന കാലങ്ങളിൽ മഴക്കാലമാണ് ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടത്. ഓടിന്മേൽ വീഴുന്ന മഴയുടെ ശബ്ദം കേട്ട് മൂടിപ്പുതച്ചുകിടന്നുറങ്ങുവാൻ ഞാനിഷ്ടപ്പെട്ടു. പുഴയിൽനിന്ന് ഓരോ കല്പടവും കയറി പറമ്പിലേക്കെത്തുന്ന വെള്ളപ്പൊക്കങ്ങളെ ഞാൻ ആസ്വവദിച്ചു.
©KTK
(തുടരും)