Monday 19 July 2021

രചന [എൻ്റെ കവിത - ഭാഗം നാല്]



The metamorphosis of a poet is as amazing as that of a butterfly. It begins with the love for poetry germinating in him. He is then ready to lose himself in this newfound love, which creates magic in his mind, unknown and unseen by the world outside. Slowly, words of poetry start sprouting in him which grow into beautiful wings. And, in wonder, he spreads these wings and flies into the sky to discover new realms of the horizon within him. Here's about Achhan's evolution into a poet.

രചന 

ഏഴാംക്ലാസ്സ്‌സിൽ പഠിയ്ക്കുമ്പോൾ സ്‌കൂളിലെ കയ്യെഴുത്തുമാസികയിൽ 'അന്തിക്ക് കോന്തൻ ഈന്തുംകൊണ്ടു ചന്തയ്‌ക്ക് പോയതും ചന്തമുള്ള കോന്തിയെ കാന്തയാക്കിയതുമായ' ഹാസ്യം നിറഞ്ഞ നാല് ശ്ലോകങ്ങൾ എഴുതിയത് ഓർമ്മയുണ്ട്. എലത്തൂർ സി.എം.സി. ഹൈസ്‌കൂളിലെ സത്യാനന്ദൻ മാസ്റ്റർ ഒരു കവിയും ചങ്ങമ്പുഴയുടെ വലിയ ആരാധകനുമായിരുന്നു. അദ്ദേഹം ധാരാളം കവിതകൾ എഴുതുമായിരുന്നു. അവയെല്ലാം പകർത്തി എഴുതാനുള്ള ചുമതല എനിക്കായിരുന്നു.അങ്ങനെ പകർത്തിപ്പകർത്തി ആദ്യകാലത്ത് പുരാണങ്ങളിൽനിന്ന് നേടിയ കൊച്ചുകോച്ചറിവുകൾ കൂടുതൽ ആഴത്തിൽ പതിഞ്ഞു. ഗ്രീഷ്മം, വസന്തം തുടങ്ങിയ ഋതുക്കളെക്കുറിച്ചും, പ്രഭാതം, സന്ധ്യ, ആകാശം, ഭൂമി ഇവയെക്കുറിച്ചും മാസ്റ്റർ പറഞ്ഞതനുസരിച്ചു ഞാൻ പദ്യങ്ങൾ രചിച്ചു.

ഒമ്പതാംക്ലാസ്സിൽ പഠിക്കുമ്പോഴാണ് (1953) 24 വരിയിൽ കേകാവൃത്തത്തിൽ 'ഉദയം' എന്ന കവിത എഴുതിയത്. ഈ കവിത ബാലപംക്തിയിൽ കൊടുക്കാമെന്ന് മാസ്റ്റർ പറഞ്ഞു. അങ്ങനെ എലത്തൂരിൽനിന്ന് മുക്കത്തേയ്ക്ക് പോകുമ്പോൾ കോഴിക്കോട്ടിറങ്ങി മാതൃഭൂമിയിൽ ബാലപംക്തിയിലെ കുട്ടേട്ടനെ അന്വേഷിച്ചു ചെന്നു. അപ്പോഴാണ് വലിയ ഒരു മേശയുടെ പിന്നിൽ കുറേശ്ശെ തേഞ്ഞ പല്ലുകളുമായി ചിരിച്ചുകൊണ്ടെന്നെ സ്വീകരിച്ച ആ വലിയ മനുഷ്യനെ ഞാൻ ആദ്യമായി കാണാനിടവന്നത്. അദ്ദേഹം ഞാൻ കൊടുത്ത കടലാസ്സിൽ കുറെ വെട്ടും തിരുത്തും വരുത്തി മാറ്റിവെച്ചു. അടുത്ത ആഴ്ച വന്ന മാതൃഭൂമിയിലെ ബാലപംക്തിയിൽ എൻ്റെ കവിത അച്ചടിച്ചു വന്നപ്പോഴുണ്ടായ ആഹ്ളാദത്തിന് ഒരു കയ്യും കണക്കുമില്ല. പിന്നീട് ബാലപംക്തിയിൽ സ്ഥിരമായി എൻ്റെ കവിതകൾ വന്നുതുടങ്ങിയപ്പോൾ സത്യാനന്ദൻമാസ്റ്റർ പോലും അത്ഭുതപ്പെട്ടു. സ്‌കൂളിൽ എന്നെ വിദ്യാർത്ഥിലീഡറായി തിരഞ്ഞെടുത്തു. ഓരോ കവിതയ്ക്കും പത്തോ, പതിനഞ്ചോ ഉറുപ്പിക പ്രതിഫലമായി ലഭിച്ചത് പോസ്റ്റ്മാൻ ക്ലാസ്സിൽത്തന്നെ കൊണ്ടുവന്ന്‌ തരുമായിരുന്നു. ആ പണം കൊണ്ട് സി.ആം.സി. റസ്റ്റാറന്റിൽ വെച്ചു സുഹൃത്തുക്കൾക്ക് ചായയും നെയ്യപ്പവും വാങ്ങിക്കൊടുത്തു.

സത്യാനന്ദൻ മാസ്റ്ററെപ്പോലെ ഒരു മലയാളം അദ്ധ്യാപകനാവാനായിരുന്നു എൻ്റെ ആഗ്രഹം. പിന്നീട് കോളേജിൽ ഇംഗ്ളീഷ് ലക്‌ചററാവാമെന്ന് ആഗ്രഹം വലുതാക്കി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ഇംഗ്ളീഷ് ഓണേഴ്‌സിന്ന് ചേരുകയും ചെയ്തു. എനിക്ക് കൂടുതൽ ഉയർന്ന പദവികൾ കിട്ടണമെന്ന് ആഗ്രഹിച്ച അച്ഛൻ എഞ്ചിനീയറിങ്ങ് കോളേജിൽ ചേരണമെന്ന് നിർബന്ധിച്ചു. അങ്ങനെ ഞാനൊരു എഞ്ചിനീയറായി. അക്കാലത്തും എൻ്റെ കവിതകൾ മാതൃഭൂമി, ജനയുഗം, ജയകേരളം തുടങ്ങിയ പല വാരികകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അതിനുശേഷം റെയിൽവേ വൈദ്യുതീകരണവിഭാഗത്തിൽ പ്രോജക്ട് എഞ്ചിനീയറായി ജോലിക്ക് ചേർന്നശേഷം മലയാളസാഹിത്യത്തോടും കവിസുഹൃത്തുക്കളോടും ഉള്ള ബന്ധം തീരെ ഇല്ലാതായി. ഉത്തരേന്ത്യയിലും മറ്റുമായി പത്തോ പതിനഞ്ചോ വർഷങ്ങൾ കഴിഞ്ഞതിനുശേഷം മദ്രാസിൽ പോസ്റ്റിങ്ങ് കിട്ടിയപ്പോഴാണ് ആ ബന്ധങ്ങൾക്ക്‌ വീണ്ടും ഉണർവുണ്ടായത്.ഇവിടത്തെ ആനുകാലികങ്ങളോടും സാഹിത്യകാരന്മാരോടുമുള്ള ബന്ധത്തിന് അകൽച്ച തട്ടിയെങ്കിലും എയർപോർട്ടുകളിൽ വിമാനം കാത്തുനിൽക്കുന്ന വേളകളിലും തീവണ്ടിയിൽ ദൂരസംഞ്ചാരം ചെയ്യുന്ന അവസരങ്ങളിലും ആ ഏകാന്തതയുടെ സുഖദു:ഖങ്ങൾ ഞാൻ അനുഭവിക്കാറുണ്ടായിരുന്നു. മദ്രാസിലെ ജീവിതത്തിന്നിടക്കാണ്  ഞാൻ വീണ്ടും ആനുകാലികങ്ങളിൽ എഴുതാൻ തുടങ്ങിയതും കുറെ സമാഹാരങ്ങൾ പ്രസിദ്ധം ചെയ്തതും.

കവിത എൻ്റെ ജീവിതത്തിലെ ഒരിക്കലും വിട്ടുപിരിയാത്ത ഒരേ ഒരു കൂട്ടുകാരിയാണ്. കവിതയിൽനിന്ന് ധനമമ്പാദനമോ, പ്രശസ്തിയോ, പുരസ്കാരമോ, ജീവിതമാർഗ്ഗമോ ഒന്നുംതന്നെ ഞാൻ ആഗ്രഹിച്ചിട്ടില്ല. സ്വകാര്യമായ എന്റെ ആനന്ദവും അഭിനിവേശവും ആണ് കവിത.

എൻ്റെ ഏകാന്തതയുമായുള്ള സംവാദങ്ങളാണ് ഈ കാവ്യശില്പങ്ങൾ. അവ ആധുനികങ്ങളോ അത്യന്താധുനികങ്ങളോ പുരോഗാമികളോ ഒന്നുമല്ല. ഈ എളിയ മാനസപുത്രിമാരെ ആസ്വാദകലോകം സ്നേഹവാത്സല്യങ്ങളോടെ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.

© KTK


No comments:

Post a Comment

സ്മൃതിപുരസ്കാരം

  Today, December 3, is the first death anniversary of the poet. Shraddham, as per the Malayalam calendar, fell on November 24. After the Sh...