Sunday 11 July 2021

നക്ഷത്രലോകം [എൻ്റെ കവിത - ഭാഗം മൂന്ന്]

https://www.vecteezy.com/free-photos

Once upon a time, everyday knowledge used to be interwoven with everyday life. Medicinal values of the different herbs were common knowledge. They didn’t need a degree to practice it. Forget degree, they didn’t even need to be literate to use it. People had different skills and knowledge, and they were interdependent. In those times, when satellite communication was not even in their wildest imagination, the common man knew about the stars and the planets. Knowledge was both vast and deep, both practical and philosophical. Knowledge was so simple in function that we doubted its authenticity. It was so intricate in concept that we failed to validate its accuracy.

Achhan belongs to a generation that tried to hold steadfast to its knowledge that was steadily losing its meaning.

നക്ഷത്രലോകം 

വെളുത്തവാവുതോറും എനിക്ക് കഠിനാമായ ശ്വാസംമുട്ട് ഉണ്ടാവാറുണ്ട്. അതിന്ന് ഔഷധമായി ആടലോടകത്തിൻ്റെ ഇലകൾ ഞാൻ തന്നെ ശേഖരിച്ചുവെയ്ക്കും.ഇലകൾ കുത്തിപ്പിഴിഞ്ഞു നീരുണ്ടാക്കിയത് ഭയങ്കരമായ കയ്പ്പാണെങ്കിലും ഞാൻ സേവിക്കാറുണ്ട്.പക്ഷെ അതുകൊണ്ട് ശ്വാസംമുട്ട് നിൽക്കുകയില്ല. ആശാരിവീട്ടിലെ കല്ല്യാണി ഒരു എണ്ണ കാച്ചിക്കൊണ്ടുവരും. ആ എണ്ണ ശിരസ്സിലും കഴുത്തിലും ഓരോ സന്ധികളിലും പുരട്ടി കല്ല്യാണി കുറച്ചു നേരം മന്ത്രം ജപിച്ചാൽ ശ്വാസംമുട്ടിന് ആശ്വാസമാകും. കല്ല്യാണിക്ക് ഓണക്കാലത്ത് മുണ്ട് കൊടുക്കുന്നത് എനിക്ക് വലിയ ഇഷ്ടമായിരുന്നു. വയറുവേദന വന്നാൽ ചെറുമക്കുടിലിലെ കൊറ്റിയായിരുന്നു എൻ്റെ ഡോക്ടർ. എൻ്റെ മുന്നിൽ ദൂരത്ത് വന്നിരുന്ന് ഒരു തിരി കത്തിച്ചു കുത്തനെ പിടിച്ചു കുറച്ചുനേരം മന്ത്രം ജപിച്ചാൽ എൻ്റെ വയറുവേദന പറപറക്കും. ജപിക്കുന്ന മന്ത്രമെന്താണെന്നു കൊറ്റിയോ കല്ല്യാണിയോ എന്നോടു വെളിപ്പെടുത്തിയില്ല. എൻ്റെ മുടി വളരാൻ 'ശ്രീ' താളി കൊണ്ടുവന്ന്  തരാറുള്ള ചിരുതക്കുട്ടിയേയും ഞാൻ ഓർമ്മിക്കുന്നു.

ആഴ്ചതോറും അച്ഛൻ വന്നാൽ എന്നെ മടിയിലിരുത്തി പലതും പറഞ്ഞുതരുന്ന കൂട്ടത്തിൽ ആകാശത്തിലെ നക്ഷത്രങ്ങളെപ്പറ്റി പഠിപ്പിക്കുമായിരുന്നു. അച്ഛന് എല്ലാ നക്ഷത്രങ്ങളെയും തിരിച്ചറിയാം. അശ്വതി അശ്വമുഖം പോലെ, മകീരം മന്നിങ്ങാക്കണ്ണുപോലെ, തിരുവാതിര തീക്കട്ടപോലെ എന്ന് തുടങ്ങി ഓരോ നക്ഷത്രത്തെയും ചൂണ്ടിക്കാട്ടി പറഞ്ഞുതരും. എൻ്റെ ചിന്തമുഴുവൻ വിദൂരങ്ങളായ ഈ നക്ഷത്രലോകങ്ങളെക്കുറിച്ചായിരുന്നു. രാത്രി പാറിനടക്കുന്ന മിന്നാമിനുങ്ങുകളെക്കണ്ട് നക്ഷത്രങ്ങളിൽനിന്ന് അടർന്നുവീണ തീപ്പൊരികളാണെന്ന് ഞാൻ വിചാരിക്കും. 

സ്‌കൂളിൽ ചേർന്നുപഠിച്ചാൽ 'ശുദ്ധം' മാറും. അതുകൊണ്ടു സ്‌കൂൾജീവിതം തുടങ്ങാൻ വൈകി. അഞ്ചാംക്ലാസ്സിലാണ് സ്‌കൂളിൽ ചേർന്നത്. അതുവരെ ട്യൂഷൻ പഠിപ്പിച്ചത് അടുത്ത സ്‌കൂളിലെ നമ്പ്യാർ മാസ്റ്ററായിരുന്നു. നമ്പ്യാർ മാസ്റ്റർ ഓരോ സ്‌കൂളിലും മാറ്റമായി വന്നാൽ സ്‌കൂളിനടുത്തുള്ള ഒരു വീട്ടിൽ സംബന്ധം തുടങ്ങും. മാസ്റ്ററുടെ കുട്ടികൾ പിന്നീട് അച്ഛനെ തേടിപ്പോവാറുള്ളത് എനിക്കോർമ്മയുണ്ട്. ഏതായാലും മാസ്റ്റർ പഠിപ്പിച്ചിരുന്ന നളചരിതവും 'കിതവനായ നീ ഉടുവസ്ത്രത്തിൻ്റെ പാതി അപഹരിച്ചു എന്നെ കാട്ടിൽ തനിച്ചാക്കി എവിടെപ്പോയി' എന്ന ദമയന്തിയുടെ വിലാപവും ഇന്നും ഞാൻ ഓർമ്മിക്കുന്നു.

© KTK

(തുടരും)


No comments:

Post a Comment

സ്മൃതിപുരസ്കാരം

  Today, December 3, is the first death anniversary of the poet. Shraddham, as per the Malayalam calendar, fell on November 24. After the Sh...