Thursday, 21 October 2021

"യജ്ഞം പൊർപ്പട്ടു"

Long ago, when the poet was in his intermediate year in college, he was desirous of publishing his first collection of poems. With much hope and expectations, he gathered some of his poems and all of his courage to meet the great poet Akkitham. However, the Mahakavi discouraged him, saying he ought to wait a while more and create some more poetry. Needless to say, this was too disheartening for the poet at that vulnerable age of 16 or so. He returned home and with a heavy heart, drowned all of his poems in the river that flowed by his home.

Years later, he again met the Mahakavi and this time, the latter was only too happy to read his poems and write a foreword for his book, "Kurukshetram." However, from the Mahakavi's own words, he had been very fond of the poet's style of writing and had missed his poems during the long hiatus. Had he known that, the poet wouldn't have let his adolescent musings flow down the river into the Arabian Sea. 

Here's an excerpt from Mahakavi Akkitham's foreword written in the year 1980 in the great poet's own inimitable style.



"യജ്ഞം പൊർപ്പട്ടു"

കഷ്ടി കാൽ നൂറ്റാണ്ടായെന്നു തോന്നുന്നു."മാതൃഭൂമി"യിൽ ഒരു പുതിയ കവി പ്രത്യക്ഷപ്പെട്ടു. അകവും പുറവും ഒരുപോലെ അരോഗസുന്ദരമായിരുന്നു അദ്ദേഹത്തിൻ്റെ കവിതകൾ. അപ്പോൾ ഞാനോർത്തത് കുംഭം മീനം കാലത്ത് കേരളത്തിലെ വൃക്ഷശിഖരങ്ങളിൽ നിന്നു കേൾക്കാറുള്ള "യജ്ഞം പൊർപ്പട്ടു" എന്നു പാടുന്ന പക്ഷിയെയാണ്. അത്രയ്‌ക്ക്‌ ആകസ്മികത്വമുണ്ടായിരുന്നു, ആ കവിയുടെ  കടന്നുവരലിന്ന്. അദ്ദേഹം പ്രത്യക്ഷപ്പെട്ടതാകട്ടെ, അന്ന് മലയാള വാരികകളിൽ ഏറ്റവും സമുന്നതം എന്നു കരുതപ്പെട്ടിരുന്ന "മാതൃഭൂമി"യിലുമാണ്. എങ്ങനെ ഒരാൾ ആദ്യംതന്നെ ഇത്ര നല്ല കവിതകളെഴുതുന്നു എന്ന് ഞാനാശ്ചര്യപ്പെട്ടു. എന്നാൽ "യജ്ഞം പോർപ്പട്ടു" എന്ന് പാടുന്ന കിളിയെപ്പോലെ കുറച്ചു കാലം കഴിഞ്ഞപ്പോൾ ആ കവിയും നിശ്ശബ്ദനായി. എവിടെപ്പോയി ആ കവി എന്ന് ഞാൻ വ്യസനിച്ചു. അങ്ങനെയിരിയ്ക്കുമ്പോളാണ് ഒരു ദിവസം കോഴിക്കോട്ടുവെച്ച് കക്കാട് എന്നോടു ചോദിച്ചത്, "കെ. ടി. കൃഷ്ണനെ അറിയില്ലേ?" എന്തു കെ. ടി. കൃഷ്ണൻ, ഏത് കെ. ടി. കൃഷ്ണൻ? കക്കാടിൻ്റെ അടുത്തു തുറന്ന പഞ്ചിരി പൊഴിച്ചുകൊണ്ടു നിൽക്കുന്ന തുടുത്തു കൊഴുത്ത യുവാവിനെ ഞാൻ നോക്കി. എത്ര സുന്ദരമായ ശരീരം! അപ്പോഴാണ് കക്കാടു പറഞ്ഞത് കെ. ടി. കൃഷ്ണനെന്നു പറഞ്ഞാൽ കെ. ടി. കൃഷ്ണവാരിയരാണെന്ന്. എൻ്റെ മനസ്സിൽനിന്ന് പെട്ടെന്നാരോ ചാടി എണീറ്റു. എൻ്റെ  പ്രിയപ്പെട്ട കവി കെ. ടി. കൃഷ്ണവാരിയർ  ഈ യുവാവോ? ചാടി എണീറ്റ ആൾ കെ. ടി. കൃഷ്ണവാരിയരെ കെട്ടിപ്പിടിച്ചു. ഞാനതു കണ്ടുകൊണ്ടു നിന്നു.

ആ കെ. ടി. കൃഷ്ണവാരിയരാണ് ഇപ്പോൾ കെ. കെ. വാരിയരായി വീണ്ടും എൻ്റെ മുമ്പിൽ വന്നു നിൽക്കുന്നത്. പതിനാറ് കവിതകളുടെ സമാഹാരമായ ഈ "കുരുക്ഷേത്ര"ത്തിലുടനീളം അന്നു പരിചയപ്പെട്ട പദസമ്പത്തും അനായാസവാഹിതയും സങ്കല്പമാധുരിയും ഓളം വെട്ടി നിൽക്കുന്നു. പക്ഷെ ഇന്ന് ഞാൻ നിൽക്കുന്നത് 1980 -ലാണ്. ഇന്നത്തെ മലയാള കവിതയുടെ അനുഗ്രഹവും ശാപവുമാകാറുള്ള ആത്യന്തിക സംഗ്രഹണപ്രവണത ഇതിൽ കണ്ടു എന്നു വരികയില്ല. സാധാരണക്കാരായ വായനക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു അനുഗ്രഹം തന്നെയാണെന്നുവരെ പറയാം. വള്ളത്തോളിൻ്റെയും ചങ്ങമ്പുഴയുടെയും യുഗത്തിലൂടെ വീണ്ടും ഒന്നു സഞ്ചരിക്കാനാഗ്രഹിക്കുന്ന അനുവാചകന് തീർച്ചയായും ഈ കുരുക്ഷേത്രം ഉന്മേഷകരമായി അനുഭവപ്പെടും. പക്ഷെ, ആ രണ്ടുപേരിൽനിന്നും വളരെ ഭിന്നനുമാണ് ഈ കവി. കവിത ഇന്നമാതിരിയിലെഴുതണമെന്ന് ഓരോ കാലഘട്ടത്തിലും അന്നന്നത്തെ ഉന്നതശീർഷന്മാർ അഭിപ്രായം പുറപ്പെടുവിക്കാറുണ്ട്. പക്ഷെ, അതൊക്കെ കവി അനുസരിച്ചുകൊള്ളണമെന്ന് ആരും വിചാരിയ്ക്കാറില്ല. അനുസരിയ്ക്കാൻ യഥർത്ഥ കവിയ്ക്ക് സാധ്യമാണെന്നുതന്നെ തോന്നിയിട്ടില്ല.

പ്രകൃതത്തിൽ ശ്രീ കെ. കെ. വാരിയരുടെ "കുരുക്ഷേത്ര"മെന്ന കവിതാസമാഹാരമാണ് ഞാൻ വായിച്ചു നോക്കിയത്. വായിച്ചു തീർന്നപ്പോൾ രചയിതാവിൻ്റെ മനസ്സിലെ ഭാവമൂർച്ച വലിയൊരളവോളം അനുവാചകനായ എൻ്റെ മനസ്സിലും ഉല്പന്നമായി എന്നു സമ്മതിയ്ക്കാതെ തരമില്ല.

"കണ്ടുവോ, കണ്ഠീരവൻ 

     തൻ മുന്നിലകപ്പെട്ട 

കമ്പിതാംഗിയാമൊരു 

     പേടമാനിനെപ്പോലെ 

നിസ്സഹായയായ് കേഴും 

     പാഞ്ചാലി...ദുശ്ശാസന-

ഹസ്തത്തിൽ കുരുങ്ങുന്നി-

     തവൾതന്നുടുവസ്ത്രം!

എങ്ങുപോയ് ഭഗവാനേ?

     വരൂ നീ! കുരുക്ഷേത്ര-

ത്തിങ്കലിക്ഷണം! നിൻ്റെ 

     വിജയൻ പരാജയൻ!"

എന്ന ചടുലാർത്ഥമായ വരികൾ വായിച്ചവസാനിപ്പിയ്ക്കുമ്പോൾ നമുക്ക് തോന്നുന്നു: "ഇത് കുറെ വാക്കുകളല്ല. ഇതെല്ലാം പറയുന്ന അർജ്ജുനൻ കെ. കെ. വാരിയരല്ല, ഞാനാണ്, ഞാനാണ്!" വാക്കുകളുടെ തൂശിത്തുളകളിലൂടെ വാക്കുകൾക്കപ്പുറത്തെ അഗാധവികാരം ആവിഷ്‌കൃതമായിത്തീരുമ്പോൾ വാക്കുകളെ  നാം മറന്നുപോവുക എന്നതാണ് ഉത്തമകവിതയുടെ ദൃഷ്ടാന്തങ്ങളിലൊന്ന് എന്ന് ലിയോ ടോൾസ്റ്റോയിയെപ്പോലെയുള്ള മഹാന്മാർ വിശ്വസിച്ചിരുന്നതിൻ്റെ അർത്ഥമെന്താണെന്ന് മനസ്സിലാക്കാൻ "കുരുക്ഷേത്രം" ഒരു കുറി വായിച്ചാൽ മതി. എന്നുവെച്ച് ഇതിലുപയോഗിച്ച വാക്കുകളത്രയും അത്യന്തലളിതമാണെന്ന് ഞാൻ സൂചിപ്പിയ്ക്കുന്നതായി ധരിയ്ക്കേണ്ടതില്ല. ലളിതമായ ഭാവത്തിന്നു മാത്രമേ ലളിതമായ വാക്കുളളിലൂടെ ആവിഷ്കൃതമാകാൻ കഴിയുകയുള്ളു. ഇവിടെ ഭാവം അധികഠോരവും അതിസങ്കീർണ്ണവും അതിദുസ്സഹവുമെല്ലാമാണ്. മഹാഭാരതകഥയുടെ മുഴുവൻ അന്തസ്സംഘർഷവും 26 വരിക്കേകയിൽ ഒതുക്കിക്കളയാമെന്നു വിചാരിച്ച കെ. കെ. വാരിയരിലെ കവിയുടെ ആത്മവിശ്വാസം ഭയാനകം തന്നെ. പക്ഷേ, ആ 26 വരിക്കവിതയിലൂടെ അദ്ദേഹം ഉദ്ദേശിച്ച ഫലം ഉണ്ടാവുകതന്നെ ചെയ്തു എന്ന എൻ്റെ അനുഭവം ഞാൻ മറച്ചുവെയ്ക്കുകയില്ല. 

അക്കിത്തം

©1980


2 comments:

  1. ഒന്നില്ല എങ്കിലെന്ത്?
    അത് പോകട്ടെ - ഓരത്തൂടെ പോയ നദിയിൽ, അറബിക്കടലിൽ ..
    വീണ്ടുമൊരുയർത്തെഴുനേൽപിൽ വീഴാതെ വഴങ്ങാതെ

    അക്കിത്തത്തിന്റെ വാക്കുകളിലൂടെ ആ കവിയുടെ കവിതക്ക്
    വീണ്ടുമൊരുദയം ആമുഖത്തിലൂടെ

    ഇന്നിതാ വീണ്ടും ഞാനിത് വായിക്കുന്നു, തൻമകൾ ചേർത്തൊരുക്കിയ
    ബ്ലോഗിലൂടെ, ഇഷ്ടമായി എന്നല്ല, വായിക്കാൻ പറ്റി എണ്ണത്തിലൊരു ചാരിതാർഥ്യം.

    നന്ദി സുജാത കവയിത്രി

    ReplyDelete
    Replies
    1. Thank you, Sir, for the constant encouragement.

      Delete

സ്‌മൃതിപുരസ്കാരം 2024

It is two years since the poet left this world. However, his presence has been with us in spirit and through his poetry.  It is a matter of ...