Listen to a prayerful rendition by Sreedevi Unni.
വൃന്ദാവനത്തിൽ വീണ്ടും
ഇനിയെൻ്റെ വൃന്ദാവനം വെടിഞ്ഞു
വരുകയില്ലക്രൂര! നിന്നൊടൊപ്പം.
മധുരാപുരിക്കില്ല ദ്വാരകയ്ക്കും
നഗരത്തിൻ ജീവിതം ഞാൻ വെറുത്തു.
ഇനിയെൻ്റെ രാധയും ഗോപിമാരും
ഇവിടെ പശുപാലബാലകരും
കാളിന്ദിതീരവുമായി ഞാനെൻ
നാളുകൾ നീക്കാനുറച്ചുവല്ലോ.
ഈ മുളന്തണ്ടിൽ ഞാനാലപിക്കു-
മീണത്തിൽ സ്വർഗ്ഗം വിടർത്തുവാനും,
ഇനിയുമിക്കാളിന്ദി വിഷമയമായ്
പ്രവഹിക്കേ നിർമ്മലമാക്കുവാനും
വമ്പാർന്ന പേമാരിക്കുത്തിൽനിന്നു-
മമ്പാടിതന്നെക്കരേറ്റുവാനും
കാറ്റായി, മുലയൂട്ടുമമ്മയായി
കാട്ടുതീയായ്, മൂർഖസർപ്പമായി
രാക്ഷസരെത്തുമ്പോൾ ഗോകുലത്തെ
രക്ഷിച്ചു ഹർഷം വിടർത്തുവാനും
പശുപാലബാലികമാരൊടൊത്തു
യമുനാതടങ്ങളിലാടുവാനും
ഏറെ നാളായിക്കൊതിപ്പു ഞാനി-
ഗ്ഗ്രാമമാണിനിയെൻ്റെ കർമ്മരംഗം.
വൃന്ദാവനത്തിൻ നികുഞ്ജകങ്ങൾ
പിന്നെയും തളിരിട്ടു പൂവിടട്ടെ.
അമ്മ യശോദയ്ക്കും നന്ദനും ത-
ന്നുണ്ണിയൊത്തുള്ളം കുളിർത്തിടട്ടെ.
ഇനിയുമെൻ ജീവിതശിഷ്ടമിങ്ങി-
മ്മലർവനിതന്നിൽ കഴിയുവോൻ ഞാൻ
അവതാരലീലകളാകമാനം
അവനിതൻ വാഴ്വിൽ ഞാൻ തീർത്തുവല്ലോ.
കുവലയാപീഡമോ മാൻകിടാവായ്
നിപതിച്ചു ചാണൂരമുഷ്ടികരും
കംസനും കാലപുരിയണഞ്ഞു
മന്നനായ് മുത്തച്ഛനുഗ്രസേനൻ.
ബന്ധനമുക്തരായെൻ പിതാവു-
മമ്മയും മറ്റുള്ള യാദവരും
ദ്വാരക തീർത്തു ഞാൻ കുണ്ഡിനത്തിൻ
നാരീമണിയെയും കൊണ്ടുപോന്നു.
മന്നിലധർമ്മമൊടുക്കുവാനും
ധർമ്മത്തെ വീണ്ടുമുറപ്പിക്കാനും
അങ്ങു കുരുക്ഷേത്രയുദ്ധഭൂവിൽ
കൊന്നു; ഞാൻ കൊല്ലിച്ചു ദുഷ്ടന്മാരെ.
പാർത്ഥന്നു ഗീതോപദേശമേകി
പാണ്ഡുപുത്രന്മാർക്കു വാഴ്‌വുമേകി.
ഇനിയെന്നവതാരകർമ്മമൊന്നും
ഇവിടെ നിറവേറ്റാൻ ബാക്കിയില്ല.
ഒരു ഞാങ്ങണപ്പുല്ലാൽ യാദവന്മാ-
രഖിലരും തല്ലിത്തളർന്നു വീഴും.
ഒരു നിഷാദൻ്റെ കൂരമ്പിനാലെ-
ന്നുടലും വെടിഞ്ഞു തിരിച്ചുപോകും.
ഇനിയെൻ്റെ ശേഷിച്ച നാൾകൾ ഞാനീ-
മലരണിക്കാട്ടിൽ കഴിച്ചിടട്ടെ,
ഗോപികമാരൊത്തു നൃത്തമാടി,
രാധയൊത്താനന്ദകേളിയാടി,
വെണ്ണയും പാലും കവർന്നു പൂഴി-
മണ്ണുതിന്നമ്മതൻ കൺതുറന്നു,
കാളിയദർപ്പം ശമിപ്പിച്ചിങ്ങു
ഗോവർദ്ധനാദ്രി കുടപിടിച്ചു,
അമ്പാടി തന്നിലായർഗൃഹത്തിൽ,
വൃന്ദാവനത്തിൻ പുഴക്കരയിൽ,
ഞാനിന്നു നാകീയസൗഖ്യമുണ്ടു
നാളുകൾ നീക്കാൻ കൊതിച്ചിടുന്നേൻ
വൈകുൺഠവാസത്തിൽ പാൽക്കടലിൽ
പാലാഴിമങ്കതൻ പൂമടിയിൽ,
ഇത്രയ്ക്കു സൗഖ്യം നുകർന്നതില്ല,
ഇത്ര ഞാനാനന്ദമുണ്ടതില്ല,
അക്രൂര! പോയ് വരൂ ദ്വാരകയിൽ
രുഗ്മിണിയോടെൻ വിശേഷമോതു.
ശ്യാമകളേബരൻ ഗ്രാമഭൂവിൽ
ഗ്രാമീണനായ് ഞാൻ സുഖിച്ചിടട്ടെ!
ഭാഗവാൻ ശ്രീ കൃഷ്ണ എല്ലാമെല്ലാമായിരുന്ന രൂപം... കവി കാണാൻ ശ്രമിച്ചതും എഴുതിയതും ഈശ്വര കൃപ എന്നെ പറയാൻ പറ്റു
ReplyDeleteThanks for forwarding this bajan in a poem
Thank you for reading.
Delete