Wednesday 7 December 2022

അജ്ഞാത്വാ തേ മഹത്വം

Announcing the sad demise of Poet K. T. Krishna Variar. He had been ailing for the past few months. The poet left his mortal coil for the Divine Abode on December 3, 2022, at 7.40 p.m.

The void he left is irreparable. The loss is irreplaceable.

The poet had touched many lives with his friendly manners, charming smile, stark professionalism, engaging interactions, incredible brilliance and heart-touching poetry.

Presented below is an anecdotal and poetic tribute to the poet by Jayadev Krishnan, Editor, Uravu, Arya Vaidya Sala Kottakkal. 


അജ്ഞാത്വാ തേ മഹത്വം

മൃത്യുവെ വെന്നമൃതത്വം തമസ്സക-
ന്നുജ്വല ജ്യോതി,സ്സസത്തു മാഞ്ഞുർവ്വിയിൽ
സച്ചിത് പ്രകാശമണഞ്ഞെഴുന്നള്ളട്ടെ!


ആര്യവൈദ്യശാല മുൻ ജനറൽ മാനേജർ കെ.കെ.വാരിയർ സാറുടെ അഞ്ജലി എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്. മൃത്യുവിനെ വെന്ന അക്ഷരകല മാത്രം ഇനി മുമ്പിൽ!

വെളുത്തു തടിച്ച്, ചന്ദനവും സിന്ദൂരവും കുറി തൊട്ട്, ഐശ്വര്യമാർന്ന ഒരു തേജോരൂപം. ആര്യവൈദ്യശാലയിൽ ജനറൽ മാനേജർ ആയി വന്ന ആളാണ്. കെ കെ വാരിയർ എന്നാണ് പേര്. കണ്ടപ്പോൾ നല്ല കണ്ടു പരിചയം തോന്നി. പിന്നെ ഓർത്തെടുത്തു - ഡൽഹി ആര്യവൈദ്യശാല ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നപ്പോൾ മയൂർവിഹാറിലെ ഗുരുവായൂരപ്പൻ അമ്പലത്തിൽ നിന്ന് കണ്ടിട്ടുണ്ടല്ലോ! നാരായണീയ പ്രഭാഷണം നടത്തുകയായിരുന്നു. ശ്ലോകങ്ങളെല്ലാം കാണാപ്പാഠം. സരസമായി അർത്ഥം പറയുന്നുണ്ട്. ഭാഗവതവുമായി ബന്ധപ്പെടുത്തി അതിൽ മേൽപ്പത്തൂർ ഇണക്കിയ സവിശേഷ വൈഭവം കൂടി ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ടാണ് പ്രഭാഷണം. പ്രസിദ്ധ സാഹിത്യ വിമർശകനും  കലാമർമ്മജ്ഞനും ആയ യശ:ശരീരനായ  അകവൂർ നാരായണൻ അടുത്തിരിക്കുന്നുണ്ട്. 'കെ.ടി. നന്നായി പറയുന്നുണ്ട്' - അദ്ദേഹം പറഞ്ഞപ്പോഴാണ് കെ ടി കൃഷ്ണ വാരിയരാണ് പ്രഭാഷകൻ എന്ന് മനസ്സിലായത്. മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അദ്ദേഹത്തിൻ്റെ കവിതകൾ കണ്ടിട്ടുണ്ട്. അദ്ദേഹം തന്നെയാണ് ഇദ്ദേഹം എന്ന് അകവൂർ നാരായണേട്ടൻ പറഞ്ഞാണ് അറിഞ്ഞത്.

ജനറൽ മാനേജരെ നേരിട്ട് ഹെഡ് ചെയ്യാനുള്ള ധൈര്യം അങ്ങനെ കൈവന്നു. ആദ്യം തന്നെ സംശയം ഉന്നയിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾക്കൊക്കെ പരിചയം കെ ടി കൃഷ്ണവാരിയർ എന്ന പേരാണ്. കെ.കെ.വാരിയർ എന്ന് വന്നത് എങ്ങനെയാണ്? - ഞാൻ ചോദിച്ചു.

 'അതാണ് എൻ്റെ ഔദ്യോഗിക പേര്. എൻ്റെ ജീവിതത്തിൽ ഉടനീളം ഈ ദ്വൈതം (Duality) പ്രവർത്തിക്കുന്നുണ്ട്. പേരിലും കുലത്തിലും പ്രൊഫഷനിലും എഴുത്തിലും എല്ലാം !'

ആര്യവൈദ്യശാലയും കോട്ടക്കലും ഉൾപ്പെട്ട സാംസ്കാരിക പൈതൃകവും പാരമ്പര്യവും എല്ലാം അദ്ദേഹത്തിന് ഹൃദിസ്ഥം. കക്കടവത്ത് വാരിയത്തെ ആയതുകൊണ്ട് പണ്ടുമുതലേയുള്ള ബന്ധങ്ങൾ അത്രയും സുദൃഢം. ആര്യവൈദ്യശാല ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ ആർക്കിനെപ്പറ്റിയും അതിൻ്റെ മുഖപത്രമായ ഉറവ് ത്രൈമാസികത്തെ പറ്റിയും എല്ലാം ആദ്യം തന്നെ പരിചയപ്പെടുത്തി. സംശയലേശമെന്യേ എല്ലാ ലക്കത്തിനും ഓരോ കവിത തരാമെന്ന് പറഞ്ഞു.

 'പുതിയത് എഴുതുന്നത് വളരെ കുറവ്.പഴയത് പ്രസിദ്ധീകരിക്കാത്ത കുറച്ചുണ്ട്. അതെല്ലാം കൂടി ഏൽപ്പിക്കാം. തെരഞ്ഞെടുത്തു കൊടുത്തോളൂ'.

 തെരഞ്ഞെടുക്കാൻ മാത്രമല്ല തിരുത്തേണ്ടത് തിരുത്താനും അദ്ദേഹം നിർബന്ധിച്ചു. പുതുതലമുറയുടെ എഴുത്തും വായിക്കാറുണ്ട് അദ്ദേഹം. 

'എൻ്റെ തലമുറയുടെ ശൈലി തന്നെയാണ് എനിക്ക് ഇഷ്ടം. പഴയതായാലും പുതിയതായാലും കൃത്രിമത്വം ഇല്ലായ്മയാണ് പ്രധാനം എന്നാണ് ഞാൻ കരുതുന്നത്. സാരള്യവും ആർജ്ജവവും ആണ് എഴുത്തിൽ വേണ്ടത് '. പുഴ, ബലിക്കാക്ക, കൊച്ചരിപ്പൂക്കൾ, ഭാഷാ ഭഗവദ് ഗീത, സൗന്ദര്യലഹരിഭാഷ, സിന്ദൂരച്ചെപ്പ് എന്നീ കാവ്യസമാഹാരങ്ങൾ അദ്ദേഹം എഴുതി ഒപ്പിട്ട് തന്നു - 'പ്രിയ ജയദേവ് കൃഷ്ണന് സസ്നേഹം കെ.ടി. കൃഷ്ണവാരിയർ'.

ഒരു ദിവസം അദ്ദേഹം പറഞ്ഞു - 'ഞാനിപ്പോൾ കൃഷ്ണഗാഥയാണ് വായിക്കുന്നത്. നവീനവും കാലികപ്രസക്തവുമായ വരികൾ എന്ന് ഓരോ വായനയിലും തോന്നിപ്പിക്കുകയാണ് കൃഷ്ണഗാഥ'.

എന്റെ സ്ഥലവും മറ്റും അന്വേഷിച്ച കൂട്ടത്തിൽ എനിക്ക് ചന്ദനക്കാവ് ക്ഷേത്രത്തിലും മേൽപ്പത്തൂർ ഇല്ലപ്പറമ്പിലും വരണമെന്നുണ്ടെന്നു പറഞ്ഞു. പറഞ്ഞ പോലെ തന്നെ അതിന് തയ്യാറായി. എന്നേയും കൂട്ടി ആദ്യം ചന്ദനക്കാവിൽ ദർശനം നടത്തി. മേൽപ്പത്തൂർ സ്തുതിച്ച 'പാടീരവാടി'യിലെ പ്രകൃതി സൗന്ദര്യത്തിൽ കുറച്ചുനേരം ധ്യാനലീനനായി. മേൽപ്പത്തൂർ വേദാദ്ധ്യയനവും മറ്റും നിർവഹിച്ച ഗണപതി ക്ഷേത്രം, വന്ദനശ്ലോകം ചൊല്ലി സ്തുതിച്ച വിഷ്ണു ക്ഷേത്രം തുടങ്ങിയവയെല്ലാം ഭക്ത്യാദരപൂർവ്വം നമിച്ചു. ചന്ദനക്കാവിലെ കേശവൻ നമ്പീശനെയും കൂട്ടി മേൽപ്പത്തൂർ ഇല്ലപ്പറമ്പിലേക്ക് പോയി.

ഭാരതം മാത്രമല്ല ലോകം മുഴുവൻ, ഇവിടെ ജന്മം കൊണ്ട മഹാഭാഗവതോത്തമനു മുമ്പിൽ  നമ്രശിരസ്കരാകുന്നു. അങ്ങനെയുള്ള ഈ പുണ്യ സ്ഥലത്തിൻ്റെ ശോചനീയാവസ്ഥ അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചു. ഗുരുവായൂർ ദേവസ്വത്തിന്റെ ഒരു കെട്ടിടത്തിൽ കവിഞ്ഞ് ഒന്നും അവിടെ ഉണ്ടായിട്ടില്ല. ഇല്ലത്തറയുടെ ചില അവശിഷ്ടങ്ങൾ, സ്ഥാനം എന്നിവ നമ്പീശൻ കാണിച്ചു തന്നു. സ്മാരകത്തിനു മുമ്പിൽ നിന്ന്, കണ്ണടച്ച് തൊഴുത് അദ്ദേഹം ചൊല്ലുകയാണ്. എന്നോടും കൂടെ ചൊല്ലിക്കൊള്ളാൻ പറഞ്ഞു - സാന്ദ്രാനന്ദാവബോധാത്മകം.... നാരായണീയത്തിലെ ആദ്യത്തെ ശ്ലോകം. ഞാനും ഒപ്പം ചൊല്ലി. അത് കഴിഞ്ഞ് യോഗീന്ദ്രാണാം...... ഒടുവിൽ അജ്ഞാത്വാ തേ മഹത്വം..... നാരായണീയത്തിലെ അവസാന ശ്ലോകം.

മടങ്ങി പോരുമ്പോഴും മേൽപ്പത്തൂർ തന്നെയാണ് സംസാരവിഷയം.  എൻ്റെ വീട്ടിലേക്കാണ് വരുന്നത്. എല്ലാവരെയും പരിചയപ്പെട്ടു. അച്ഛനോട് കുറെ സംസാരിച്ചു. വെന്നിയൂർ ശിവക്ഷേത്രത്തെപ്പറ്റി അറിഞ്ഞപ്പോൾ അവിടെയും പോകണമെന്നായി. മറ്റൊരു ദിവസം അതിനും അവസരം ഉണ്ടായി. വെന്നിയൂർ ശിവക്ഷേത്രത്തിന്റെ പ്രാകാരവും ബൃഹത് രൂപവും ഗാംഭീര്യവും കണ്ട് അദ്ദേഹം അത്ഭുതപ്പെടുകയാണ് ചെയ്തത്.

എന്തൊക്കെയാണ് വിശേഷം എന്ന് എപ്പോൾ കാണുമ്പോഴും അന്വേഷിക്കും. സാഹിത്യസംബന്ധിയായ വിഷയങ്ങൾ കലവറ കൂടാതെ സംസാരിക്കും. എൻ വി കൃഷ്ണവാരിയരുടെ പ്രതിഭയെപ്പറ്റി, കുട്ടികൃഷ്ണമാരാരുടെ  സൂക്ഷ്മ ദൃഷ്ടിയെപ്പറ്റി, വള്ളത്തോൾ ശൈലിയെപ്പറ്റി - അങ്ങനെ എണ്ണമില്ലാത്ത വിഷയങ്ങൾ. ഒരിക്കൽ താമസസ്ഥലത്തേക്ക് ക്ഷണിച്ചു. അവിടെ അക്ഷരശ്ലോകത്തിന് വട്ടം കൂട്ടിയിട്ടുണ്ട്. പ്രമുഖ ശ്ലോകക്കാരായ തൃക്കഴിപ്പുറം രവിയേട്ടൻ, മനോജ്, ശങ്കരൻകുട്ടി വാരിയർ തുടങ്ങിയവരൊക്കെ സന്നിഹിതരായിട്ടുണ്ട്. കൂടെ ഒരു വസ്തുവും നിശ്ചയമില്ലാത്ത ഞാനും! എം.ആർ.സാർ (ഡോ.എം.ആർ.രാഘവവാരിയർ )സ്വന്തം ഊഴം എത്തുമ്പോഴൊക്കെ കാളിദാസന്റെ ശ്ലോകങ്ങളാണ് (രഘുവംശം, കുമാരസംഭവം, മേഘസന്ദേശം) ചൊല്ലുന്നത് . 'പഴയ പഠിപ്പിന്റെ ഗുണമാണ്' - എംആർ -നെ പറ്റി ജി എം പറയുകയാണ്.

ആര്യവൈദ്യശാലയിൽ നിന്ന് വിരമിച്ചു പോകുമ്പോൾ സമുചിതമായ യാത്രയയപ്പാണ് ആര്യവൈദ്യശാല എംപ്ലോയീസ് ക്ലബ്ബ് ജി എമ്മിന് നൽകിയത് .അന്ന് ഈ മഹാനുഭാവനെപ്പറ്റി എഴുതി വായിച്ച കവിത ഇതോടൊപ്പം ചേർക്കുന്നു.

കവിതയുടെ പേര് തുളസി.


കൈതപ്പൂ മണം മോന്തി മദിക്കും കാറ്റിൽ തെല്ലും

കൈതവം കലരാത്ത രൂപസൗഭഗം കണ്ടേൻ

ഞങ്ങൾ തൻ കാവൽ, പെരുമാരിയിൽ പവിത്രമായ്

തിങ്ങിടും ജലം, കൊടുങ്കാറ്റിലെ സൗഗന്ധികം 

അറ്റത്തു വിരിയുന്ന പൂക്കളിൽ മാത്രം മണ-

മിറ്റിച്ചു നിൽക്കുന്നത,ല്ലടി തൊട്ടറ്റത്തോളം

ഇതളാവട്ടെ മുറ്റും കതിർ ചൂടിയ തയ്യിൻ -

പുതുവെൺ ചിരിയാട്ടെ തളിരിൻ മൃദുവാട്ടെ, 

തന്മനം ചോരും ഗന്ധവാരിയിൽ സമസ്നേഹം

തന്മയത്വത്തിൽ തൂകി തുളുമ്പിത്തുടിക്കുന്നു!

ഞങ്ങളീതുളസിതൻ ചോട്ടിലെ മണ്ണായ് ഗ്രാമ-

ഭംഗികൾ തേടി സർഗ്ഗസീമയിൽ ഇളവേൽക്കെ,

പെട്ടെന്ന് മറച്ചെന്നോ കാട്ടുവള്ളികൾ വീടിൻ

മുറ്റത്തുനിന്നും മാറിപ്പോമെന്നോ ദയാമയൻ?

പൂമുഖത്തിനി സർവ്വശുഭകാമനയുടെ

തൂമധുസ്മിതം നമ്മെയെതിരേൽക്കയില്ലെന്നോ?

പാവനമീ ഗന്ധത്തിൽ തെല്ലിട നമ്മൾ നവ്യ -

ഭാവനയാലേ പറന്നുയർന്നാലതേ നേട്ടം!

ഭൂവിതിൽ പുണ്യോദാര ചരിതം പാടും കൃഷ്ണ-

പ്പൂവിതളീ മൗലിയിൽ ചൂടുകിലതേ ഭാഗ്യം!



ഭൂമുഖത്തു നിന്ന് ആ ദയാമയൻ മാറിപ്പോയിരിക്കുന്നു. ഓർമ്മയിൽ മായാത്ത തൂ മധുസ്മിതത്തിനു മുന്നിൽ നിവാപാഞ്ജലി അർപ്പിക്കുന്നു.



No comments:

Post a Comment

സ്‌മൃതിപുരസ്കാരം

  Today, December 3, is the first death anniversary of the poet. Shraddham, as per the Malayalam calendar, fell on November 24. After the Sh...