Wednesday, 11 August 2021

സൂര്യഗ്രഹണം

This poem took form in the poet’s mind as he was watching a solar eclipse decades ago at his native place, Mukkom, Kozhikode. The poet was overwhelmed, in his own words, by the cosmic event in all its magnificence”. Even in this captivated state of mind, the poet’s imagination is on wondrous display in all its glory as he watches the ‘wick of the eternally burning lamp snuff itself out’. He further looks at the ‘leftover soot’ and wonders if that was for Mother (Nature)’s "kohl”. The ‘mesmerizing rays of the sun’ that’s now ‘dying out’ enters his heart and, like the 'sun that fades into the empty atmosphere', he feels he melts 'like a bubble in this macrocosm'.

Read the poem as you listen to a rendition by the poet's daughter Smitha Keeran Warrier.

[Image: vecteezy.com]

സൂര്യഗ്രഹണം


നിദ്രയിൽനിന്നുമുണർന്നുഷസ്സന്ധ്യയാ-

   ളുദ്രസം വിണ്ണാറ്റിൽ നീരാടി ഭംഗിയിൽ,

പട്ടുപുടവ ഞൊറിഞ്ഞുടുത്താദരാൽ 

   നെറ്റിയിൽ മഞ്ഞവരക്കുറി ചാർത്തിയും,

രാഗാംഗലേപനം മെയ്യിലണിഞ്ഞുമി-

   ങ്ങാഗതയാകുന്നു ഗന്ധർവകന്യപോൽ.


പട്ടുതിരശ്ശീലപൊക്കിസ്സദസ്സിലേ-

    യ്‌ക്കെത്തിനോക്കീടുന്നു ബാലദിവാകരൻ,

മങ്ങിയെരിവൂ ശശാങ്കനിലവിള-

   ക്കുണ്ടതാ പാടീ ലയത്തിലപ്പക്ഷികൾ,

കണ്ണിന്നമൃതക്കുഴമ്പു പുരട്ടിയാ-

   വിണ്ണിലുദിക്കുന്നൊരുണ്ണിക്കതിരവൻ,

നിത്യം ജയിപ്പതിബ്രഹ്‌മാണ്ഡരംഗത്തിൽ

   നിസ്തുലശോഭനൻ നാട്യവിശാരദൻ!


നിത്യം കൊളുത്തുമിപ്പൊൻവിളക്കിൽ കരി-

   പറ്റുന്നതമ്മയ്ക്കു കണ്മഷിക്കാകുമോ?

കഷ്ടം! മനോഹരവിഗ്രഹമെന്തിതാ 

   ദുഷ്ടതമസ്സിൻ്റെ വായിൽ പതിക്കയോ?

മുറ്റുമങ്ങാളിജ്ജ്വലിക്കുന്ന ദിവ്യമാം 

   രത്നദീപത്തിൻ കരിന്തിരിക്കത്തലോ?

അത്തിരുദീപശിഖയെച്ചുഴന്നുകൊ-

   ണ്ടെത്തുന്നതാമോ പുതുമഴപ്പാറ്റകൾ?

അത്ഭുതമത്ഭുതം ഭാസ്കരവിഗ്രഹ-

   മല്പാല്പമായിരുൾക്കുണ്ടിൽപ്പതിക്കയാം.  


നിത്യവും കത്തിജ്ജ്വലിക്കുമദ്ദീപവും

   മൃത്യുവിൻ കാറ്റിലണയുവാൻ പോകയാം.

മുദ്രിതമാക നയനമേ! നിന്നെവ-

   ന്നുദ്രസം ചുംബിച്ചുണർത്തും മരീചികൾ,

ഘോരതമസ്സിൻ പിടിയിലമർന്നുപോയ്,

   പാരിടമാഹാ! വിളറുന്നതെന്തിനോ 

മഞ്ഞണിക്കണ്ണീർ നിറഞ്ഞുതുളുമ്പുമ-

   ക്കണ്ണുകൾ പൂട്ടുന്നു ചിക്കെന്നു താമര 

മന്നിൻ വിളർത്ത വദനം സമീക്ഷിച്ചു 

   കൊഞ്ഞനം കുത്തുന്നു നക്ഷത്രകന്യകൾ 

ആഹാ! കലമ്പി ദ്വിജവരശ്രേണിക-

   ളാഹ്ളാദമാർന്നതാ മൂളുന്നു മൂങ്ങകൾ.

മന്നിൽ ജയിക്കുമരാജകത്വത്തിന്നു 

   വെന്നിക്കൊടിയേന്തി താമസകിങ്കരർ.


ബദ്ധാഞ്ജലിയായ് നമിക്കുമെന്നാത്മാവിൽ 

   മൊട്ടിട്ടുമൊട്ടിട്ടു നില്പൂ കവിതകൾ.

കെട്ടുപോം ഭാസ്കരബിംബത്തിൽ നിന്നെൻ്റെ 

   ഹൃത്തിൽ പ്രവേശിച്ചു മാസ്മരരശ്മികൾ.

മംഗളമൂർത്തിയദ്ദേവനിശ്ശൂന്യമാ-

   മന്തരീക്ഷത്തിലലിഞ്ഞുപോകുംവിധം 

ഞാനൊരു നീർപോളയെന്നപോൽ ബ്രഹ്‌മാണ്ഡ-

   മാമിക്കയത്തിലലിഞ്ഞു പോകുന്നുവോ?

വാനവലോകർക്കുമജ്ഞാതമാകുന്നൊ-

   രാനന്ദനിർവൃതി പുൽകിയെൻ ഹൃത്തിനെ 

എൻനേർക്കു നോക്കിച്ചിരിക്കുമാ വാനിലെ-

   പ്പൊന്നൊളിതാവും ഗ്രഹങ്ങളെക്കണ്ടിദം 

ബദ്ധഭക്ത്യാദരം മന്ത്രിച്ചുപോയതി-

   ശ്രദ്ധാപുരസ്സരം മാമകഹൃത്തടം.


'അണ്ടകടാഹരഹസ്യമേ നിൻമുമ്പി-

   ലജ്ഞനർപ്പിപ്പൂ ഞാനഞ്ജലീമൊട്ടുകൾ'.

വിസ്മയനീയം മധുരം മദീയാത്മ-

   വിസ്മൃതിപോകവേ ഞെട്ടിയുണർന്നുഞാൻ.

പൊട്ടിചിരിച്ചാനഭസ്സിൽ ദിനകരൻ 

   പെട്ടെന്നണഞ്ഞു കടാക്ഷിച്ചു നിൽക്കയാം.


© 1960 KTK






2 comments:

  1. പ്രപഞ്ചമണ്ഡലങ്ങളിൽ ചിത്രരചനകൾ നടക്കുമ്പോൾ ഗ്രഹണം എന്ന പേരിൽ നമ്മളതിന് പേരിടുന്നു. നിറങ്ങൾ മാറിമറയുന്നത് കാണാൻ സാക്ഷിയാകുമ്പോൾ, ഒരിക്കൽ കൂടി മറ്റൊരു ചിന്ത "നിത്യം കൊളുത്തുമിപ്പൊൻവിളക്കിൽ കരി പറ്റുന്നതമ്മയ്ക്കു കണ്മഷിക്കാകുമോ?" മറ്റൊരിടത്ത് കവി ചിന്തകൾ ഇങ്ങിനെയും "കെട്ടുപോം ഭാസ്കരബിംബത്തിൽ നിന്നെൻ്റെ ഹൃത്തിൽ പ്രവേശിച്ചു മാസ്മരരശ്മികൾ".

    മുക്കത്തെ അയൽവക്കങ്ങളിൽ "ഭാസ്കരൻ" മങ്ങിയും മയങ്ങിയും വ്യതിയാനങ്ങൾ ശ്രദ്ധിച്ചു അക്ഷരങ്ങൾക്ക് നിറക്കൂട്ടുകൾ ചേർത്ത കവിക്ക് - ഒരു പാടാശംസകൾ.

    ReplyDelete
    Replies
    1. Thanks a lot for this encouraging response. The message will be duly conveyed.

      Delete

സ്‌മൃതിപുരസ്കാരം 2024

It is two years since the poet left this world. However, his presence has been with us in spirit and through his poetry.  It is a matter of ...